കൊച്ചി: ബജറ്റ് അവതരണവേളയിലെ കൈയാങ്കളിക്കിടെ വനിതാ എംഎൽഎമാർക്കെതിരേ അതിക്രമം കാട്ടിയെന്ന പരാതിയിൽ യുഡിഎഫ് അംഗത്തിനെതിരേ അവശേഷിച്ച ഏക കേസും ഹൈക്കോടതി റദ്ദാക്കി. പാറശാല എംഎൽഎയായിരുന്ന എ.ടി. ജോർജിനെതിരേ മുൻ എംഎൽഎ കെ.കെ.ലതിക നൽകിയ പരാതിയിലെടുത്ത കേസാണു ജസ്റ്റീസ് സി.എസ്. ഡയസ് റദ്ദാക്കിയത്.
ഇതോടെ വിചാരണ ഒന്നിച്ചു വേണമെന്നാവശ്യപ്പെട്ടു നിയമസഭാ കൈയാങ്കളി കേസിലെ പ്രതികളായ മുൻ എൽഡിഎഫ് എംഎൽഎമാർ നൽകിയ ഹർജി കോടതി തള്ളി. വനിതാ എംഎൽഎമാർക്കെതിരേ അതിക്രമമുണ്ടായെന്ന കേസെല്ലാം റദ്ദാക്കിയ സാഹചര്യത്തിൽ കേസുകളെല്ലാം ഒന്നിച്ചുകേൾക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നു വിലയിരുത്തിയാണ് ഹർജി തള്ളിയത്. ഇതോടെ ഇ.പി. ജയരാജൻ, വി.ശിവൻകുട്ടി, കെ.ടി. ജലീൽ, കുഞ്ഞമ്മദ് എന്നിവർക്കെതിരായ നിയമസഭാ കൈയാങ്കളി കേസിൽ ഒറ്റയ്ക്കു വിചാരണ നടക്കും.
ബജറ്റ് ദിനമായിരുന്ന 2015 മാർച്ച് 13 രാവിലെ തന്നെ പ്രതികൾ തടഞ്ഞെന്നും യുഡിഎഫ് എംഎൽഎയായിരുന്ന എം.എ. വാഹിദ് കടന്നുപിടിക്കുകയും വലിച്ചു താഴെയിടുകയും ചെയ്തപ്പോൾ എ.ടി. ജോർജ് കൈമുട്ടുകൊണ്ട് പുറത്ത് ഇടിച്ചുവെന്നാണ് ലതിക മൊഴി നൽകിയിരുന്നത്. ദുരുദ്ദേശ്യത്തോടെ തടഞ്ഞുവയ്ക്കുക, സ്ത്രീത്വത്തെ അപമാനിക്കുംവിധം സ്പർശിക്കുക, സംഘംചേർന്ന് ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരുന്നത്.
ജമീല പ്രകാശം നൽകിയ പരാതിയിൽ വി. ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ എന്നിവർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ലതികയുടെ കേസിൽ ഒന്നാംപ്രതിയായിരുന്ന എം.എ. വാഹിദിനെയും ഹൈക്കോടതി നേരത്തേ കുറ്റവിമുക്തനാക്കി. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു എ.ടി. ജോർജിന്റെ ഹർജി.
എന്നാൽ, പരാതിയിലെ ആരോപണങ്ങൾ അംഗീകരിച്ചാൽതന്നെ ഹർജിക്കാരനെതിരേ സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയതു നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് കേസിന്റെ തുടർനടപടികൾ കോടതി റദ്ദാക്കിയത്.
യുഡിഎഫ് അംഗങ്ങൾക്കെതിരായ കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവും തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണു കൈയാങ്കളിക്കേസിലെ പ്രതികളായ എൽഡിഎഫ് മുൻ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.